ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളി ഇന്ന് കൂദാശ ചെയ്ത് ആദ്യ ബലിയര്‍പ്പണം നടത്തി ബസിലിക്കയായി ഉയര്‍ത്തും.ഉച്ചകഴിഞ്ഞു രണ്ടിന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം കൂദാശകര്‍മം നിര്‍വഹിക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പാറേല്‍ പള്ളിയെ ബസിലിക്കയായി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തും.ആര്‍ച്ച് ബിഷപ്പുമാരായ ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ. തോമസ് ജെ. നെറ്റോ, ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍, ഡോ. സെല്വിസ്ററര് പൊന്നുമുത്തന്‍, ഡോ. തോമസ് മാര്‍ ഐറേനിയോസ്, ഡോ. ജയിംസ് ആനാപറമ്പില്‍, ഡോ.യൂഹാനോന്‍ മാര്‍ തിയോഡേഷ്യസ്, മാര്‍ തോമസ് പാടിയത്ത്, ഡോ. ജസ്ററിന്‍ മഠത്തില്‍പ്പറമ്പില്‍, മോണ്‍. ആന്റണി എത്തയ്ക്കാട്, അതിരൂപതയിലെ മുന്നൂറിലേറെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

82,000 കുടുംബങ്ങളിലേക്ക് ആര്‍ച്ച്ബിഷപ്പിന്റെ സ്നേഹക്കത്ത്
പാറേല്‍ മരിയന്‍ ദൈവാലയ സമുച്ചയത്തിന്റെ കൂദാശാകര്മത്തോടനുബന്ധിച്ച്, അതിരൂപതയിലെ 82,000 കുടുംബങ്ങളിലേക്കും നേരിട്ട് കത്തെഴുതി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ഓരോ കുടുംബത്തെയും പേരെടുത്ത് വിളിക്കുന്നതുപോലെ, "സസ്നേഹം, നിങ്ങളുടെ പിതാവ്' എന്നു കുറിച്ചുകൊണ്ടാണ് മാര്‍ തറയിലിന്റെ ഈ സ്നേഹസന്ദേശം ഭവനങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
മഹാപ്രളയത്തെയും കോവിഡ് പ്രതിസന്ധിയെയും അതിജീവിച്ച് പൂര്‍ത്തിയാക്കിയ പുതിയ പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിന്റെ കൂദാശയ്ക്കുള്ള ക്ഷണക്കത്താണിത്. ദൈവജനത്തിന്റെ സഹകരണത്തെ നന്ദിയോടെ സ്മരിക്കുന്ന ആര്‍ച്ച്ബിഷപ് കത്തില്‍ ഇങ്ങനെ കുറിക്കുന്നു: ""നമ്മുടെ അതിരൂപതയിലെ 82,000 കുടുംബങ്ങളും ഒരുമിച്ചാണ് പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രം നിര്‍മിച്ചത്. നിങ്ങളോരോരുത്തരും ഇതിനു നല്കിയ സംഭാവനകളെ നന്ദിയോടെ ഓര്‍ക്കുന്നു.''
120 വര്‍ഷം മുന്‍പത്തെ ആ ചരിത്രക്കത്ത്
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ ഈ കത്ത്, 120 വര്‍ഷം മുന്‍പു നടന്ന മറ്റൊരു ചരിത്രസംഭവത്തിന്റെ ഓര്‍മപുതുക്കല്‍കൂടിയാണ്. 1906ല്‍ പഴയ പാറേല്‍ കപ്പേളയുടെ കൂദാശാകര്മത്തിനായി അന്നത്തെ വികാരി അപ്പസ്തോലിക്ക മാര്‍ മാത്യു മാക്കീല്‍ വികാരിയാത്തിലെ എല്ലാ പള്ളികളിലേക്കും ഒരു സര്‍ക്കുലര്‍ അയച്ചിരുന്നു. രണ്ട് നൂറ്റാണ്ടുകളിലായി രണ്ട് ഇടയന്മാര് എഴുതിയ ഈ കത്തുകള്‍, ചങ്ങനാശേരി അതിരൂപതയുടെ വിശ്വാസചരിത്രത്തിലെ അപൂര്‍വമായൊരു ഒത്തുചേരലായി മാറുകയാണ്.
ബസിലിക്ക പ്രഖ്യാപന സ്മാരകമായി പ്രത്യേക പോസ്ററല് കവര്‍
ചങ്ങനാശേരി: മധ്യതിരുവിതാംകൂറിന്റെ ആത്മീയവും സാംസ്കാരികവുമായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന തീര്‍ഥാടനകേന്ദ്രമായ പാറേല്‍ മര്‍ത്ത്മറിയം പള്ളിയെ ബസിലിക്കപദവിയിലേക്ക് ഉയര്‍ത്തിയതിന്റെ സ്മരണാര്‍ഥം ഭാരതീയ തപാല്‍ വകുപ്പ് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കുന്നു.
പാറേല്‍ മാതാവിന്റെ സ്ററാമ്പും പാറപ്പൊടിയും
പാറേല്‍ മാതാവിന്റെ സ്ററാമ്പും മര്‍ത്ത്മറിയം ബസിലിക്കയും പാറേല്‍ മാതാവിന്റെ ചിത്രവും തപാല്‍ സ്ററാമ്പിനു പുറത്തുണ്ടാകും. കവറിനു പിന്നില്‍ പള്ളിയെക്കുറിച്ച് ലഘുവിവരണമുണ്ട്. പള്ളിസ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നു ശേഖരിച്ച കല്ലുകള്‍ പൊട്ടിച്ച പൊടി പ്ളാസ്ററിക് കവറിലാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് വലിയ സവിശേഷതയാണ്. തീര്‍ഥാടകര്‍ക്കും സ്ററാമ്പ് ശേഖരിക്കുന്നവര്‍ക്കും തപാല്‍ കവര്‍ വളരെ പ്രാധാന്യമുള്ളതാണ്. പ്രകാശനച്ചടങ്ങിനുശേഷം പ്രത്യേക സ്മാരക തപാല്‍ കവര്‍ ബസിലിക്കയുടെ ഓഫീസില്‍നിന്നു മാത്രമായിരിക്കും ലഭ്യമാകുക.
ൈ്രകസ്തവ സഹോദരങ്ങള്‍ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളും എത്തി പ്രാര്‍ഥിക്കുന്ന ആലയമാണ് ചങ്ങനാശേരി പാറേല്‍ പള്ളി. മധ്യകേരളത്തിലെ പ്രശസ്തമായ പാറേല്‍ പള്ളി വളരെ മനോഹരമായും അന്തസോടെയും പുതുക്കി നിര്‍മിച്ച് കൂദാശ ചെയ്ത് ബസിലിക്കയായി ഉയര്‍ത്തുന്നത് ഒരു ചരിത്ര സംഭവം തന്നെയാണ്. മതസൗഹാര്‍ദത്തിനു പേരുകേട്ട ചങ്ങനാശേരിയില്‍ എല്ലാ മതവിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാന്‍ പാറേല്‍ തീര്‍ഥാടനകേന്ദ്രത്തിനു വലിയ പങ്കാണുള്ളത്. പാറേല്‍ പള്ളി പുനര്‍നിര്‍മിക്കാന്‍ നേതൃത്വം നല്കിയ അതിരൂപത നേതൃത്വത്തിനും വിശ്വാസീ സമൂഹത്തിനും എന്റെ എല്ലാ ആശംസകളും പ്രാര്‍ഥനകളും നേരുന്നു.
ചരിത്രം കുറിയ്ക്കുമ്പോള്‍
ചങ്ങനാശേരി അതിരൂപതയുടെ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്‍ പള്ളി നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ന് കൂദാശ ചെയ്ത് ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് അതിരൂപതാ കുടുംബത്തിന് അഭിമാനവും അതിലേറെ ആഹ്ളാദകരവുമാണ്.
മഹാപ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും കൂട്ടായ്മയില്‍ 11 വര്‍ഷത്ത കഠിനാധ്വാനത്തില്‍ ഈ തീര്‍ഥാടനകേന്ദ്രം നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ്.
പാറേല്‍ പള്ളിയുടെ കൂദാശാചടങ്ങില് ഈ തീര്‍ഥാടനകേന്ദ്രത്തെ ബസിലിക്കയായി പ്രഖ്യാപിക്കാനുള്ള ഭാഗ്യം ലഭിക്കുന്ന ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മനസു തുറക്കുന്നു.
പള്ളിനിര്‍മാണം പൂര്‍ത്തിയാകുമ്പോഴുള്ള സന്തോഷം?
അതിരൂപതയിലെ 82,000 കുടുംബങ്ങളും പാറേല്‍ പള്ളിയുടെ നിര്‍മാണത്തില്‍ പങ്കാളികളായി. പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ സുവര്‍ണജൂബിലി സ്മാരകമായി അന്നത്തെ വികാരി അപ്പസ്തോലിക്ക മാര്‍ മാത്യു മാക്കില്‍ പിതാവാണ് ആദ്യത്തെ കപ്പേള കൂദാശ ചെയ്തത്. ഈ കപ്പേള വികാരിയാത്തില്‍ ഒട്ടാകെയുള്ള ജനങ്ങളുടെ പൊതുവണക്കത്തിനും പ്രാര്‍ഥനാ നമസ്കാരത്തിനും ഉള്ളതാണെന്ന് സ്ഥാപന കല്പനയില് വ്യക്തമാക്കുന്നുണ്ട്. മോണ്‍. സിറിയക് കണ്ടങ്കരി അച്ചനും ഫാ. എസ്തഫാനോസ് തയ്യില്‍ സിഎംഐയും പള്ളിസ്ഥാപനത്തില് പങ്കാളികളായിരുന്നു. സിറിയക് കണ്ടങ്കരി അച്ചന് വികാരിയാത്തിന്റെ കീഴിലുള്ള മുഴുവന്‍ പള്ളികളിലുമെത്തി സംഭാവന സ്വീകരിച്ചാണ് അന്ന് കപ്പേള നിര്‍മിച്ചത്. ഈ മാതൃകയാണ് ഈ അവസരത്തിലും അതിരൂപത അവലംബിച്ചത്.
പാറേല്‍ പള്ളിയെ ബസിലിക്കയായി ഉയര്‍ത്തുമ്പോള്‍?
ബസിലിക്ക എന്നു പറയുമ്പോള്‍ മാര്‍പാപ്പയുമായുള്ള പ്രത്യേക ബന്ധമാണ് സൂചിപ്പിക്കുന്നത്. വിശ്വാസപാരമ്പര്യങ്ങളും ദൈവാനുഭവങ്ങളും ചരിത്രസമ്പത്തുമുള്ള ചില ദേവാലയങ്ങളെയാണ് മാര്‍പാപ്പ ബസിലിക്കയായി പ്രഖ്യാപിക്കുന്നത്. ചങ്ങനാശേരി അതിരൂപതയിലെ ചമ്പക്കുളം കല്ലൂര്‍ക്കാട് ഫൊറോന പള്ളിയെ നേരത്തേ ബസിലിക്കയായി പ്രഖ്യാപിച്ചിരുന്നു. പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തെ ബസിലിക്കയായി ഉയര്‍ത്തിക്കൊണ്ടുള്ള പരിശുദ്ധ പിതാവിന്റെ അനുമതി അതിരൂപതയ്ക്ക് അഭിമാനകരമാണ്.
വിപുലമായ സംവിധാനങ്ങളും ദൈവജനവും?
പാറേല്‍ പള്ളി ആഡംബരത്തിനായി പണിതുയര്ത്തിയതല്ല. ആഡംബരം കാട്ടാന്‍ നമുക്ക് പണവുമില്ല. പാറേല്‍ പള്ളിക്ക് അനന്യമായ വാസ്തുശില്പസൗന്ദര്യം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതേസമയം വര്‍ധിച്ചുവരുന്ന തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകണമായിരുന്നു. വലിയപള്ളി മുഖ്യമായും കൂദാശകളുടെ പരികര്മങ്ങള്ക്കും അമലോത്ഭവ പള്ളി നിശബ്ദ പ്രാര്‍ഥനകള്‍ക്കും വേണ്ടിയുള്ളതാണ്. ഭൂഗര്‍ഭ കപ്പേളയും നിത്യാരാധനാ കപ്പേളയും കുമ്പസാരവേദിയും കൗണ്‍സലിംഗ് സെന്ററുമെല്ലാം ജനങ്ങളുടെ വിവിധ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതാണ്. ദൈവജനം ഇത് ഉപയോഗിക്കുകയും സമൃദ്ധമായ കൃപ നേടുകയും ചെയ്യണമെന്നാണ് അതിരൂപതയുടെ താത്പര്യം.
സമൂഹമാധ്യമങ്ങളിലെ ചില ആരോപണങ്ങള്‍?
സഭയില്‍ ഏതു നല്ലകാര്യം നടക്കുമ്പോഴും അതിനെ നിഷേധാത്മകമായി ചിത്രീകരിക്കാന്‍ ചിലരെങ്കിലും ഉണ്ടാകും. പാറേല്‍ പള്ളി കൂദാശയോടനുബന്ധിച്ച് മറ്റൊരു ദിവസം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യമന്ത്രിയെയും ഇതര മതനേതാക്കളെയും നാം ക്ഷണിച്ചത് ൈ്രകസ്തവ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമ അന്തരീക്ഷത്തിലാണ്. എന്നാല്‍, അതിനെ വിവാദമാക്കി ഒരിക്കലും ഉയരാന്‍ അനുവദിക്കരുതാത്ത വര്‍ഗീയ ചിന്തകള്‍ക്കു ചിലര്‍ കാരണമാക്കി. സംഭാഷണത്തിലൂടെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ പരിശ്രമിക്കാതെ സമൂഹമാധ്യമങ്ങളില്‍ അതു ചര്‍ച്ചയാക്കി. വ്യത്യസ്ത വിശ്വാസങ്ങളുള്ളപ്പോഴും മാനവസാഹോദര്യം കുറവില്ലാതെ തുടരണമെന്നതാണ് നമ്മുടെ സന്ദേശം.
മതമൈത്രിയും സഭൈക്യ ചിന്തകളും?
ഡിസംബര്‍, ജനുവരി മാസങ്ങള്‍ ചങ്ങനാശേരിക്ക് സാഹോദ്യത്തിന്റെ ആഘോഷങ്ങളാണ്. പാറേല്‍ പള്ളി തിരുനാളും കാവില്‍ ക്ഷേത്രത്തിലെ ചിറപ്പും പുതൂര്‍ പള്ളി ജമാ അത്തിലെ ചന്ദനക്കുടവും മെത്രാപ്പോലീത്തന്‍ പള്ളിയിലെ നഗരപ്രദക്ഷിണവുമൊക്കെ ജാതി~മത~ഭേദമെന്യേ സര്‍വരുടെയും ആഘോഷങ്ങളാണ്. പാറേല്‍ പള്ളി കൂദാശയ്ക്ക് ആവേശത്തോടെയാണ് നാട്ടുകാര്‍ ഒരുങ്ങുന്നത്. സഭൈക്യരംഗത്തും മതസൗഹാര്‍ദരംഗത്തും അതിരൂപതയുടെ നേതൃത്വം ഒരു കടമയായിത്തന്നെ ഞങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
പാറേല്‍ പള്ളിയും അതിരൂപതയും?
മിഷനറിമാരെ രൂപീകരിക്കുന്നതിനായി അഭിവന്ദ്യനായ മാര്‍ തോമസ് കുര്യാളശേരി പിതാവ് പാറേല്‍ പള്ളിയോടു ചേര്‍ന്നു സ്ഥാപിച്ച പരിശീലന കേന്ദ്രമാണ് പിന്നീട് മൈനര്‍ സെമിനാരിയായി മാറിയത്. നിരവധി വൈദികരെ വാര്‍ത്തെടുത്ത സെമിനാരിയാണിത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് കോച്ചേരി, ബിഷപ്പുമാരായ മാര്‍ മാത്യു വട്ടക്കുഴി, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ തുടങ്ങിയ പിതാക്കന്മാര് പാറേല്‍ പള്ളിയുടെ അനുഗ്രഹത്തണലിലുള്ള ഈ സെമിനാരിയില്‍ പരിശീലനം നേടിയവരാണ്. മാര്‍ സെബാസ്ററ്യന് വള്ളോപ്പിള്ളി ഇവിടെ അധ്യാപകനായിരുന്നു. എസ്ബി കോളജ് ഉള്‍പ്പടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലനകേന്ദ്രങ്ങളും സന്യാസസമൂഹങ്ങളും പാറേല്‍ പള്ളിയുടെ അങ്കണത്തില്‍ സ്ഥാപിക്കപ്പെട്ടവയാണ്.
തയ്യാറാക്കിയത് ബെന്നി ചിറയില്‍

Comments: